Monday, June 17, 2013

വന്ധ്യ(വന്ദ്യ)യായ അമ്മ



മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും പലവട്ടം നിന്ദിച്ചു..  

ഉള്ളില്‍ ഉണരും ആത്മരോഷത്താല്‍ ആണോ ഈ മണ്ണ് തിളക്കുന്നത്‌? ഇവളുടെ ഉയിരില്‍ ഉയരുന്ന അഗ്നി ക്രോധമോ? കാമമോ? മരുഭൂമിയുടെ മനമറിയാന്‍ മണ്ണില്‍ ചെവി ചേര്‍ത്തു ഞാന്‍.. ... .

ആത്മരോദനമാണിവിടെ കേട്ടത്! കരളു കടഞ്ഞു ഉറയും വാത്സല്യം തേങ്ങി.... ''വളക്കൂറിന്റെ ഗര്‍ഭാശയം ഇല്ലെനിക്ക് . അമൃതിന്റെ നനവ് ഉറയും മാറിടങ്ങളില്ല. ജല ശാപമേറ്റ്‌ സമൃദ്ധി വറ്റിയ കടലായ് വരണ്ടുണങ്ങി ഞാന്‍ !  എന്റെ കണ്ണുനീര്‍ ഈന്തപ്പഴങ്ങളായ് പൊഴിഞ്ഞു..... 

പുല്‍നാമ്പുകളെ പെറ്റിടാനായില്ലെങ്കിലും മാതൃത്വത്തിന് പരിധികള്‍ ഉണ്ടോ? സ്വന്തമെന്നു ചേര്‍ക്കാന്‍ പൈതങ്ങള്‍ ഇല്ലാത്തവള്‍ക്ക് വിശ്വം മുഴുവന്‍ ശിശുക്കളാണ്! ഉള്ളില്‍ ഉണരും വാത്സല്യം ചുരന്നിടാന്‍ ആവാതെ വേദനകൊണ്ട് വിങ്ങിയപ്പോള്‍  ഒരു ഉപായമായ് തുടിച്ചു ഹൃദയം.... 

എന്റെ മടിയില്‍ ഇരുന്നു നിങ്ങളെന്റെ പ്രാണന്‍ ഊറ്റി കുടിക്കുക.... ഹൃദയം തുരന്നു വലിച്ചെടുക്കുക....  എണ്ണയെന്നോ.. ഇന്ധനമെന്നോ.... എന്ത് പേര് ചൊല്ലി വിളിച്ചാലും .. വലിച്ചൂറ്റി എടുക്കുകെന്റെ  പ്രാണനെ...  മാതൃത്വത്തിന്റെ നിര്‍വൃതി അറിയട്ടെ ഞാന്‍... .''    

''അമ്മേ.....'' എന്നൊരു തേങ്ങലായ് മണ്ണിലേക്ക് ചുരുണ്ട് ചേര്‍ന്നു ഞാന്‍ ....ഗര്‍ഭാശയത്തിലൊരു ഭ്രൂണം പോലെ...... 

Wednesday, June 5, 2013

എന്നെ അറിയുമോ?



പുറത്തേക്ക് തുറക്കുന്ന കണ്ണുകള്‍കൊണ്ട് അകകാഴ്ച കാണുന്നതെങ്ങനെ? നീ എന്നെ കാണുമ്പോലെ ഞാനിന്ന്‍ വരെ എന്നെ കണ്ടിട്ടില്ല! 

ഇരുട്ടിന്റെ കറുപ്പ് നിറത്തിലാണ് നീ എന്നെ പകര്‍ത്തിയത്. പ്രകാശത്തിന്റെ വെണ്‍മയാണ് ഞാന്‍ എന്നും എന്റെ പ്രതിബിംബത്തില്‍ ദര്‍ശിച്ചത്. പ്രതിബിംബത്തിലൂടെ അല്ലാതെ എനിക്ക് എന്നെ കാണാന്‍ ആവില്ലല്ലോ! 

ഒരുപക്ഷെ, ഇരുട്ടിനു പ്രതിഫലിക്കാന്‍ ആവാത്തത് കൊണ്ടായിരിക്കുമോ എന്റെ പ്രതിബിംബത്തില്‍ പ്രകാശം മാത്രം ഞാന്‍ കണ്ടത്?  എങ്കില്‍ സ്വയം അറിഞ്ഞതിലും അപ്പുറം ആണ് ഞാന്‍! 

എന്നാല്‍ നീ പറഞ്ഞതുമല്ല ഞാന്‍. .  . നിനക്ക്  മുന്നില്‍ ഇനിയും തുറക്കാത്ത എത്രയോ അറകള്‍ എന്നില്‍ മൂടി കിടക്കുമ്പോള്‍ നീ കണ്ടതിലും അപ്പുറമാണ് ഞാന്‍   

സ്വയം തിരിച്ചറിയാതെ ലോകം തേടിയ എനിക്ക് ഞാന്‍ തന്നെയാണ് ഇന്നേറ്റവും അപരിചിത! കാഴ്ചക്കും അപ്പുറം എന്റെ സ്വരൂപം എന്തായിരിക്കും? ഞാന്‍ സ്വയം ചോദിച്ചു, ''എന്നെ അറിയുമോ?'' 

Wednesday, May 29, 2013

ഭൂമിയാണ്‌ പ്രണയം.




പുലരൊളിയില്‍ തിളങ്ങും മഞ്ഞു തുള്ളിയെ മോഹിച്ചു പുല്‍നാമ്പ്. ഹൃദയം വാക്കില്‍ പകര്‍ത്താന്‍ അക്ഷരക്കെട്ടഴിച്ചു വാടി കുഴഞ്ഞ പുല്‍ക്കൊടിയോടു പുഞ്ചിരിതിളക്കമായി മഞ്ഞുതുള്ളി മന്ത്രിച്ചു, ''പ്രിയപ്പെട്ടവനേ.. , എന്തിനീ സാഹസം! നീ എന്നില്‍ പ്രതിഫലിക്കുമ്പോള്‍ നിന്റെ സ്നേഹം ഞാന്‍ അറിയാതെ പോകുമോ?!''

പുല്‍നാമ്പും മഞ്ഞുതുള്ളിയും സ്നേഹമായ് മാറി!

സാക്ഷിയായ കാറ്റ് പറഞ്ഞു '' സ്നേഹം കേവലം പ്രതിഫലനം മാത്രമാണ്. അതുകൊണ്ട് തന്നെ ആപേക്ഷികവും ആണ്. ഞാന്‍ നീട്ടുന്ന ഭിക്ഷാപാത്രത്തിലേക്ക് നീ പകര്‍ത്തപ്പെട്ടാല്‍ മാത്രം എന്നില്‍ ഉണരുന്ന വികാരം. അല്ലെങ്കില്‍  എന്നില്‍ നിന്നും നിന്നിലേക്ക്‌ നീളുന്ന നേര്‍രേഖയെ പ്രതിഫലിപ്പിക്കുന്ന നിന്റെ മറുപടി - അതാണ്‌ സ്നേഹം!''

പുല്‍നാമ്പില്‍ ചേര്‍ന്നിരുന്ന മഞ്ഞുതുള്ളി കാറ്റില്‍ ഉലഞ്ഞു ഭൂമിയില്‍ അലിഞ്ഞു ചേര്‍ന്നു.

കാറ്റ് കവിതയായി..'' ഭൂമിയാണ്‌ പ്രണയം! പ്രതിഫലനമല്ല. ഒന്നായി തീരലാണിവിടെ. ദ്വൈതത്തില്‍ നീയും ഞാനും എന്ന് സ്നേഹം ആപേക്ഷികം ആകുമ്പോള്‍ , സര്‍വ്വവും ഞാനെന്നു സ്വീകരിക്കുന്ന ഭൂമിയില്‍ ഒന്നായിത്തീരല്‍ മാത്രമേയുള്ളൂ. പ്രണയം ഭൂമിയാണ്‌!.. ...""''.

ക്ഷണിക സ്നേഹത്തുള്ളികളെ മോഹിച്ച് മാനം നോക്കിയിരിക്കും പുല്‍നാമ്പും മണ്ണിലലിയും നാളില്‍ അറിയും  ഭൂമിയാണ്‌ പ്രണയമെന്ന്...

അവള്‍

ഏതോ ഒരു പ്രഭാതത്തില്‍ (എന്നാണെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല) യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് അവള്‍ പ്രത്യക്ഷപ്പെട്ടത്. സുനാമിയില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നത് പോലെ അവള്‍ ഞാന്‍ കുളിക്കുന്ന വെള്ളത്തില്‍ നിന്നും രക്ഷപ്പെട്ട് അലക്ക് കല്ലിലേക്ക് കയറി! അതായിരുന്നു ഞങ്ങളുടെ ആദ്യ സമാഗമം.

അയ്യേ....! പാറ്റ!! ഒറ്റയടിക്ക് കഥ കഴിക്കാംന്ന് വിചാരിച്ചതാ. പക്ഷെ ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവ. അതിനുമപ്പുറം , അനുവാദമില്ലാതെ എന്തിനെന്റെ കുളിമുറിയില്‍ കയറി എന്ന് ചോദിച്ച് ഞാന്‍ പെരുമാറിയാല്‍ ...., എന്റെ ലോകത്ത് അധികാരം കാണിക്കാന്‍ നീ ആരെന്നു 'മുകളിലുള്ളവന്‍' പ്രതികരിച്ചാലോ? വേണ്ട, പൊയ്ക്കോട്ടെ പാവം!!

അങ്ങനെ അവള്‍ ചൂലില്‍ താമസം ആരംഭിച്ചു. (ചൂല് തിരഞ്ഞെടുത്തതില്‍ നിന്നുമാണ് ഇതൊരു സ്ത്രീവര്‍ഗജാതയെന്നു വ്യകതമായത്.) ഞങ്ങള്‍ക്കിടയില്‍ ഒരു സൌഹൃദവും ഉണ്ടായില്ല.അവള്‍ ഒരു അഹങ്കാരിയായി വളരുന്നതായിട്ടാണ് എനിക്ക് തോന്നിയത്. ഇത്ര പോന്ന ഒരു പാറ്റക്ക് ചൂല് തന്നെ ധാരാളം എന്നിട്ടും അവള്‍ എപ്പോഴും സര്‍ക്കീട്ടിലാ..  closet നു അരികില്‍ ഇരുന്നവള്‍ കഴുകാതെ  soap നു അരികിലേക്ക് വന്നപ്പോള്‍ ദേഷ്യം സഹിച്ചില്ലെനിക്ക്. വൃത്തിയില്ലാത്ത ജന്തു! ഒറ്റയടിക്ക് കൊല്ലാമെന്നു തോന്നി. പക്ഷെ ഉള്‍ഭയം വിലക്കി. ''അരുത്! വൃത്തിയുടെ പേരില്‍ നീ ഈ വിവേചനമില്ലാത്തതിനെ കൊന്നാല്‍ , മനഃശുദ്ധിയുടെ പേരില്‍ 'മുകളിലുള്ളവന്‍' നിന്നെ...'' (മുകളിലുള്ളവനെക്കൊണ്ട് തോറ്റു!  ഞാനെന്താ ചെയ്യുന്നത് എന്നും നോക്കിയിരിക്ക്യാ..? വേറെ പണിയൊന്നും ഇല്ലേ?) ആത്മഗതത്തില്‍ എന്തും ആവാം എങ്കിലും ധൈര്യം പോര. അതുകൊണ്ട് മാത്രം അവളെ വെറുതെ വിട്ടു.

പക്ഷെ അവളെന്നെ കാര്യമായി തെറ്റിദ്ധരിച്ചു. ഞാനവളെ ഭയന്നിട്ടാ ഒന്നും  ചെയ്യാത്തതെന്നാണ് അഹങ്കാരിയുടെ ഉള്ളിലിരുപ്പ്. അല്ലെങ്കില്‍ പിന്നെ അവള്‍ ഇന്നലെ ചെയ്തതെന്താ? ഒരു ഉപദ്രവവും ചെയ്യാതെ നിന്ന് കുളിക്കുന്ന എന്നെ പേടിപ്പിക്കാനായി കാലിന്റെ കീഴിലേക്കു ഓടി വന്നു. കാല്‍ മാറ്റി  വയ്ക്കുന്നിടത്തെല്ലാം വന്നു. സഹികെട്ട് കാല്‍ കുടഞ്ഞു ചെരിപ്പങ്ങോട്ട് ഇട്ടുകൊടുത്തു.
അയ്യോ..! ചത്തോ? ഇല്ല. പതുക്കെ അനങ്ങി ഭിത്തിയില്‍ കയറി ഇരുന്നു.

ഇപ്പോളവള്‍ വളരെ ശാന്തയാണ്! നോക്കിയിട്ട് ശരീരത്തിന് കാര്യമായി കുഴപ്പമൊന്നുമില്ല. എങ്കില്‍ പിന്നെ മനസ്സിനാവാം. ആകപ്പാടെ ഒരു ദു:ഖഭാവം. ഇപ്പോളവള്‍ മൌനമായി പറയാറുണ്ട് 'എന്നാലും നീ ഇത് ചെയ്തല്ലോ' എന്ന്. എന്നെ ഉപദ്രവിക്കാന്‍ വന്നിട്ടല്ലേന്നു ഒരു നോട്ടത്തിലൂടെ ഞാനും തിരികെ ചോദിക്കും.

ഞങ്ങള്‍ തമ്മില്‍ കാണുമ്പോഴെല്ലാം ഇതേ ചോദ്യവും ഉത്തരവും ! ഞങ്ങള്‍ക്കൊരിക്കലും സുഹൃത്തുക്കളാകാന്‍ പറ്റില്ല. അവളുടെ ഉള്ളില്‍ പരിഭവം കാണും. പകയും ദേഷ്യവും ഉണ്ടോന്നറിയില്ല. 'പാവം' എന്നൊരു തോന്നല്‍ എനിക്ക് ഉള്ളില്‍ ഉണ്ടെങ്കിലും കുളിമുറി നിറഞ്ഞു നില്‍ക്കുന്ന പെണ്ണാ അവള്. നാളെ അവളെ അന്വേഷിച്ച് ഒരുത്തന്‍ എത്തിയാല്‍ ....?

അവളും കുടുംബവും കൂടെ എന്നെക്കൊണ്ട് മറ്റൊരു കുളിമുറി പണിയിക്കുമോന്നുള്ള ഭയമാണ് ഉള്ളില്‍ ഇപ്പോള്‍  . അത് നിങ്ങള്‍ക്ക് മനസ്സിലാകുമോ? കുളിമുറി നിറഞ്ഞു നില്‍ക്കുന്ന പാറ്റപെണ്ണ് ഉള്ളവര്‍ക്ക് അറിയാം എന്റെ ഉള്ളിലെ ആധി!!



Tuesday, May 28, 2013

നീരാഗയിലെ നീര്‍കണങ്ങള്‍




എവിടെ തുടങ്ങി എന്നറിയാതെ ഒഴുകുന്ന കൊച്ചരുവിയാണ് ഞാന്‍........ .  എവിടേക്കാണ്‌ ഈ യാത്ര എന്നും നിശ്ചയമില്ല.  കാലത്തിലൂടെ ഇനിയും എത്ര കാതങ്ങള്‍ എന്നറിയാതെ ഒഴുകിടുമ്പോള്‍ .... വെറുതെ ഓര്‍മ്മക്കയത്തിലേക്ക് ഒന്ന്‍ ആഴ്ന്നിറങ്ങി ഞാന്‍.

പാറമടക്കിലൂടെ ഉള്ള യാത്ര... അതാണ്‌ ആദ്യം തെളിയുന്നത്. കൂര്‍ത്ത് മൂര്‍ത്ത പാറക്കഷ്ണങ്ങളിലൂടെ ഒഴുകിയും തട്ടി ചിതറിയും ... വേദനാജനകം തന്നെ.! എങ്കിലും മലമുകളിലൂടെ  മലര്‍ന്നു ഒഴുകുമ്പോള്‍ മാനത്തെത്താന്‍ ഇനി അധിക ദൂരം ഇല്ലെന്നു നിനക്കും. പിന്നെ കിനാവില്‍ 'ആകാശക്കോട്ട' കെട്ടിയാണ് യാത്ര!

പെട്ടെന്ന്‍, ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അത്യഗാധ ഗര്‍ത്തത്തിലേക്ക് കാലിടറിപ്പോയി! വേദനയുടെ കണ്ണുനീരാണ് പിന്നെ ഒഴുകുന്നത്. ദൃഷ്ടി മുകളിലേക്കെങ്കില്‍ കാലിടറി നിലം പതിക്കുന്നത് സ്വാഭാവികം! താഴ്മയില്‍ അറിഞ്ഞ സത്യം അഹങ്കാരത്തിന്റെ ഔന്നത്ത്യത്തില്‍ അറിയാഞ്ഞതെന്തേ?!

അനുഭവം ഒരു പാഠം! (അല്‍പ നേരത്തേക്കെങ്കിലും). മൌനമായ് ഒതുങ്ങി ഒഴുകുമ്പോഴതാ മഴയുടെ ഹര്‍ഷാരവം! വര്‍ഷകാലത്തെ ഞാന്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിരുന്നു. മഴത്തുള്ളികള്‍ എന്നില്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ മതി മറന്നാനന്ദിച്ചിരുന്നു. പിന്നെ പരിധികളും തീരങ്ങളും മറന്നു തിമിര്‍ത്ത് ഒഴുകുകയായ്....  ഈ കരകവിയലില്‍ പലരും വേദനിച്ചു. ശാന്തിയുടെ വന്‍ വൃക്ഷങ്ങളെ പിഴുതെടുത്ത് എന്റെ സമൃദ്ധിയില്‍ ഞാന്‍ ആര്‍ത്തലച്ചു.

വീണ്ടും എനിക്കൊരു പാഠം ആവാനിതാ വേനലെത്തി! ഇതെന്റെ സിരകളില്‍ നിന്ന് ചോരയൂറ്റി കുടിക്കയാണ്. ഈ വേദനയില്‍ വരണ്ടുണങ്ങി ഞാന്‍ തന്നെ ഇല്ലാതായിത്തീരുന്നു...

മഴയില്‍ മനം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത് ഭാവം  ആണെങ്കില്‍ വേനലിന്റെ നിസ്സഹായത എന്നെ ഒരു പാവം പരോപകാരിയായിത്തീരാന്‍ മോഹിപ്പിക്കുന്നു... വെറുതെ വ്യാമോഹിപ്പിക്കുന്നു...

പിന്നെ ഓര്‍മ്മക്കയത്തില്‍ നിന്നുയര്‍ന്ന്‍ വന്ന് പ്രാര്‍ത്ഥനയായി മാറി എന്നിലെ നീര്‍കണങ്ങള്‍ ..... ഋതുഭേദങ്ങള്‍ മാറിടട്ടെ .. ഭൂപ്രകൃതിയും മാറിടട്ടെ... ശാന്തമായ് ഒഴുകി പരന്നിടും ജീവധാരയാകുമോ ഞാന്‍... ... .. തപം ചെയ്ത മണ്ണിനെ കൃപയായ് തഴുകിടും ഹിമവത് ഹൃദയമേ.. ഗംഗാമാതാവേ...  അവിടത്തെ ആടയില്‍ ഒരു നൂലിഴയായ് പവിത്രയാക്കപ്പെടുമോ ഞാന്‍...   നീരാഗയായ് മാറിടുമോ  ഞാന്‍... ....

പ്രാര്‍ത്ഥനയായി ഒഴുകി ഒടുവില്‍ നീരാഗയിലെ നീര്‍കണങ്ങളായ് ഞാന്‍ ..... നീരാഗയായ്.

വാല്‍ക്കഷ്ണം



                തിന്നുതീര്‍ന്ന നെല്ലിക്കയുടെ കുരു ഒരു കാര്യവുമില്ലാതെ വായക്കകത്ത് ഓടിക്കളിച്ചു. പട്ടിയുടെ വായിലെ എല്ലിന്‍ കഷ്ണം പോലെ ! പല്ലുകള്‍ക്കിടയില്‍ നെല്ലിക്കുരു കടിച്ചു പിടിച്ച് ആനന്ദിക്കുന്നതിനിടയില്‍  ഉടല്‍ വലിച്ചു നീട്ടി വിശാലമായൊന്ന് ഞെളിഞ്ഞു.

               ആത്മഞ്ജാനി എന്നെ തെറി വിളിച്ചു - “ഫ! വിഡ്ഡി.., ഇപ്പൊ തീര്‍ന്നേനെ നിന്‍റെ കാറ്റ് !  പിടി വിട്ടത് തെറിച്ച് ഉള്ളില്‍ പോയിരുന്നെങ്കില്‍?!! പ്രാണവായുവിന് അടപ്പിടാന്‍ ഒരു നെല്ലിക്കുരു തന്നെ ധാരാളം!”

               “  കേവലം ഒരു നെല്ലിക്കയുടെ കുരു വിചാരിച്ചാല്‍ എന്നെ കൊല്ലാന്‍ കഴിയുമെന്നോ? ഞാനെത്ര നിസ്സാരന്‍?!!! ചേമ്പിന്‍ തണ്ടിലെ വെള്ളത്തുള്ളി പോലെ.....“