Tuesday, May 28, 2013

നീരാഗയിലെ നീര്‍കണങ്ങള്‍




എവിടെ തുടങ്ങി എന്നറിയാതെ ഒഴുകുന്ന കൊച്ചരുവിയാണ് ഞാന്‍........ .  എവിടേക്കാണ്‌ ഈ യാത്ര എന്നും നിശ്ചയമില്ല.  കാലത്തിലൂടെ ഇനിയും എത്ര കാതങ്ങള്‍ എന്നറിയാതെ ഒഴുകിടുമ്പോള്‍ .... വെറുതെ ഓര്‍മ്മക്കയത്തിലേക്ക് ഒന്ന്‍ ആഴ്ന്നിറങ്ങി ഞാന്‍.

പാറമടക്കിലൂടെ ഉള്ള യാത്ര... അതാണ്‌ ആദ്യം തെളിയുന്നത്. കൂര്‍ത്ത് മൂര്‍ത്ത പാറക്കഷ്ണങ്ങളിലൂടെ ഒഴുകിയും തട്ടി ചിതറിയും ... വേദനാജനകം തന്നെ.! എങ്കിലും മലമുകളിലൂടെ  മലര്‍ന്നു ഒഴുകുമ്പോള്‍ മാനത്തെത്താന്‍ ഇനി അധിക ദൂരം ഇല്ലെന്നു നിനക്കും. പിന്നെ കിനാവില്‍ 'ആകാശക്കോട്ട' കെട്ടിയാണ് യാത്ര!

പെട്ടെന്ന്‍, ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ അത്യഗാധ ഗര്‍ത്തത്തിലേക്ക് കാലിടറിപ്പോയി! വേദനയുടെ കണ്ണുനീരാണ് പിന്നെ ഒഴുകുന്നത്. ദൃഷ്ടി മുകളിലേക്കെങ്കില്‍ കാലിടറി നിലം പതിക്കുന്നത് സ്വാഭാവികം! താഴ്മയില്‍ അറിഞ്ഞ സത്യം അഹങ്കാരത്തിന്റെ ഔന്നത്ത്യത്തില്‍ അറിയാഞ്ഞതെന്തേ?!

അനുഭവം ഒരു പാഠം! (അല്‍പ നേരത്തേക്കെങ്കിലും). മൌനമായ് ഒതുങ്ങി ഒഴുകുമ്പോഴതാ മഴയുടെ ഹര്‍ഷാരവം! വര്‍ഷകാലത്തെ ഞാന്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിരുന്നു. മഴത്തുള്ളികള്‍ എന്നില്‍ നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ മതി മറന്നാനന്ദിച്ചിരുന്നു. പിന്നെ പരിധികളും തീരങ്ങളും മറന്നു തിമിര്‍ത്ത് ഒഴുകുകയായ്....  ഈ കരകവിയലില്‍ പലരും വേദനിച്ചു. ശാന്തിയുടെ വന്‍ വൃക്ഷങ്ങളെ പിഴുതെടുത്ത് എന്റെ സമൃദ്ധിയില്‍ ഞാന്‍ ആര്‍ത്തലച്ചു.

വീണ്ടും എനിക്കൊരു പാഠം ആവാനിതാ വേനലെത്തി! ഇതെന്റെ സിരകളില്‍ നിന്ന് ചോരയൂറ്റി കുടിക്കയാണ്. ഈ വേദനയില്‍ വരണ്ടുണങ്ങി ഞാന്‍ തന്നെ ഇല്ലാതായിത്തീരുന്നു...

മഴയില്‍ മനം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത് ഭാവം  ആണെങ്കില്‍ വേനലിന്റെ നിസ്സഹായത എന്നെ ഒരു പാവം പരോപകാരിയായിത്തീരാന്‍ മോഹിപ്പിക്കുന്നു... വെറുതെ വ്യാമോഹിപ്പിക്കുന്നു...

പിന്നെ ഓര്‍മ്മക്കയത്തില്‍ നിന്നുയര്‍ന്ന്‍ വന്ന് പ്രാര്‍ത്ഥനയായി മാറി എന്നിലെ നീര്‍കണങ്ങള്‍ ..... ഋതുഭേദങ്ങള്‍ മാറിടട്ടെ .. ഭൂപ്രകൃതിയും മാറിടട്ടെ... ശാന്തമായ് ഒഴുകി പരന്നിടും ജീവധാരയാകുമോ ഞാന്‍... ... .. തപം ചെയ്ത മണ്ണിനെ കൃപയായ് തഴുകിടും ഹിമവത് ഹൃദയമേ.. ഗംഗാമാതാവേ...  അവിടത്തെ ആടയില്‍ ഒരു നൂലിഴയായ് പവിത്രയാക്കപ്പെടുമോ ഞാന്‍...   നീരാഗയായ് മാറിടുമോ  ഞാന്‍... ....

പ്രാര്‍ത്ഥനയായി ഒഴുകി ഒടുവില്‍ നീരാഗയിലെ നീര്‍കണങ്ങളായ് ഞാന്‍ ..... നീരാഗയായ്.

No comments:

Post a Comment